ഓര്‍മ്മപ്പുറങ്ങള്‍

Advertisements

എന്‍റെ ‘മദിരാക്ഷി’പ്പട്ടണം

ഇന്ന് ജൂണ്‍ 27…

മുപ്പത്തിമൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതുപോലൊരു ജൂണ്‍ 27 നാണ് സ്വപ്നങ്ങള്‍ കുത്തിനിറച്ച ഒരു തോള്‍ബാഗുമായി സിനിമാ നഗരത്തിന്‍റെ വിസ്മയലോകത്തിലേക്കു ഞാന്‍ ആദ്യമായി തീവണ്ടി ഇറങ്ങുന്നത്. അന്ന് ചെന്നൈ അല്ല, ‘മദിരാക്ഷി’ എന്ന് ഞാന്‍ ഓമനപ്പേരിട്ടു വിളിച്ച മദിരാശിപ്പട്ടണം. സിനിമയെന്ന മായിക സ്വപ്നങ്ങളുമായി എനിക്ക് മുന്‍പും പിന്‍പും വന്നിറങ്ങിയ ഒട്ടനേകംപേരുടെ മോഹങ്ങളും, മോഹഭംഗങ്ങളും വീണു നനഞ്ഞ കോടമ്പാക്കത്തെ ഇടുങ്ങിയ തെരുവോരങ്ങള്‍. എംജിആറും ശിവാജി ഗണേശനും അടക്കം ഒട്ടനേകം താരങ്ങളുടെ കട്ടൌട്ടുകള്‍ നിരന്ന മൌണ്ട് റോഡും നുങ്കമ്പക്കം ഹൈറോഡും. ജെമിനി ഫ്ലൈ ഓവറിനു താഴെ അന്ന് ജെമിനി സ്റ്റുഡിയോ ഉണ്ടായിരുന്നു. സിനിമാ നഗരത്തിന്‍റെ ഗതകാലങ്ങളില്‍ തെന്നിന്ത്യന്‍ ഭാഷകളുടെ ചരിത്രത്തിലേക്ക് പിറന്ന നിരവധി ചലച്ചിത്രങ്ങളുടെയും, ചലച്ചിത്ര പ്രവര്‍ത്തകരുടെയും ഓര്‍മകളുമായി നിന്നിരുന്ന ആ മഹനീയ സ്ഥാപനത്തിന്‍റെ കവാടം കടന്ന് അകത്തേയ്ക്ക് ചെന്ന ആദ്യനിമിഷങ്ങള്‍ ഇന്നും മനസ്സിലുണ്ട്. ഇപ്പോള്‍ അത് ഇടിച്ചുനിരത്തി ഫ്ലാറ്റുകളും, ഫൈവ് സ്റ്റാര്‍ ഹോട്ടെലുകളും ആയിരിക്കുന്നു.

കോടമ്പക്കം ബ്രിഡ്ജ് ഇറങ്ങിയാല്‍ ആദ്യത്തെ ബസ്‌സ്റ്റോപ്പ്‌ ലിബര്‍ട്ടി. അവിടെനിന്നും ഇടത്തോട്ട് തിരിഞ്ഞാല്‍ ലിബര്‍ട്ടി ടാക്കീസ്. കെ.ബാലചന്ദ്രന്‍റെയും, ഭാരതിരാജയുടെയും മറ്റും സിനിമകള്‍ ദിവസേനയെന്നോണം ഞാന്‍ കണ്ടിരുന്ന പ്രിയ കൊട്ടക. അതും ഇടിച്ചു നിരത്തി ഇപ്പോള്‍ ആധുനിക കെട്ടിടങ്ങള്‍ ഉയര്‍ന്നിരിക്കുന്നു. കുറച്ചു കൂടി മുന്നോട്ടു നടന്നാല്‍ കോടമ്പക്കം റെയില്‍വേസ്റ്റേഷന്‍. ഇലക്ട്രിക്‌ ട്രെയിനില്‍ ആദ്യമായി സഞ്ചരിച്ച ഓര്‍മ്മ ദിനങ്ങള്‍. ട്രെയിന്‍ കയറി പാരിസിലേക്കും, സാന്തോമിലേക്കും യാത്ര ചെയ്ത സായാഹ്നങ്ങള്‍. ചൈനാ ബസാറിലും, ബര്‍മ ബസാറിലും, പോണ്ടി ബസാറിലും വെറും കയ്യോടെ ചുറ്റിയടിച്ചു നടന്ന പഞ്ഞ കാലങ്ങള്‍. റെയില്‍വേസ്റ്റേഷന്‍ കഴിഞ്ഞാല്‍ കോടമ്പക്കം പോസ്റ്റ്‌ ഓഫീസ്. വല്ലപ്പോഴും നാട്ടില്‍ നിന്നും മണിഓര്‍ഡര്‍ വരുന്നതും കാത്ത്‌ സിമന്‍റ് ബെഞ്ചില്‍ ഇരുന്നു മയങ്ങിയ നട്ടുച്ചകള്‍. വെന്തുരുകുന്ന മദിരാശിയിലെ ചൂടില്‍ എനിക്ക് നഷ്ടമായ നാട്ടിലെ പ്രിയമഴക്കാലങ്ങള്‍…

തെരുവ് അവസാനിക്കുന്നിടത്ത് എനിക്ക് ആ നഗരത്തില്‍ ആദ്യ താവളമൊരുക്കിയ ഉമാ ലോഡ്ജ്. ഇന്ന് അത് പുതുമോടിയില്‍ അവശേഷിക്കുന്നുണ്ടെങ്കിലും, അന്ന് പഴമയും ദൈന്യതയും പേറി നിന്നിരുന്ന ആ കെട്ടിടത്തിന്‍റെ ഏറ്റവും മുകള്‍തട്ടില്‍ ആസ്ബസ്റ്റോസ് കൊണ്ട് മേല്‍ക്കൂര തീര്‍ത്ത കുടുസ്സു മുറിയില്‍ ഞാനും,എന്‍റെ സ്വപ്നങ്ങളും അന്തിയുറങ്ങിയ എത്രയോ രാത്രികള്‍..! തൊട്ടടുത്ത മുറികളില്‍ എനിക്ക് മുന്‍പേ ചേക്കേറിയിരുന്ന കൊച്ചിന്‍ ഹനീഫയും, മണിയന്‍പിള്ള രാജുവും, പിന്നെ സിനിമയുടെ ചരിത്രത്തിലില്ലാതെ പോയ മറ്റനേകം സുഹൃത്തുക്കളും.

നടന്നു ചെല്ലാവുന്ന ദൂരത്ത്‌ ഒരു രൂപയ്ക്ക് പത്ത് ഇഡ്ഡലി കിട്ടുമായിരുന്ന ചന്ദ്രഭവന്‍ ഹോട്ടല്‍. തൊട്ടടുത്ത്‌ അമ്പതു പൈസയ്ക്ക ലസ്സി വാങ്ങിക്കുടിച്ചിരുന്ന ‘പഴമുതിര്‍ചോല’… മണിഓര്‍ഡര്‍ വരുന്ന ദിവസങ്ങളില്‍ ചിക്കന്‍ന്‍റെയും മട്ടന്‍ന്‍റെയും കൊതിയൂറുന്ന മണം തേടി പാഞ്ഞു ചെല്ലുന്ന ഹോളിവുഡ് ഹോട്ടല്‍. അന്നത്തെ സിനിമാക്കാരുടെ സംഗമ കേന്ദ്രം. വൈകുന്നേരങ്ങളില്‍ മാത്രം വരുന്ന മലയാള പത്രം വാങ്ങാന്‍ ചെല്ലുന്ന റാം തിയേറ്ററിനു മുന്‍പിലെ മുറുക്കാന്‍ കട. അവിടെ വച്ച് ആദ്യം പരിചയപ്പെട്ട സിനിമാക്കാരുടെ കൂട്ടത്തില്‍ ജോണ്‍ എബ്രഹാമും, ശ്രീനിവാസനും, പി.എ.ബക്കറും മറ്റും.

നേരെ നടന്നാല്‍ വടപളനി പോലീസ് സ്റ്റേഷന്‍നു തൊട്ട്, അന്ന് ഏതാണ്ട് മുഴുവന്‍ മലയാള സിനിമകളും പിറവിയെടുത്തിരുന്ന ആര്‍. കെ. ഫിലിം ലാബ്‌. രാമുകാര്യാട്ട് എന്ന പൂര്‍വസൂരിയുടെ കൈകള്‍ എന്‍റെ ശിരസ്സില്‍ തൊട്ട് അനുഗ്രഹം വാങ്ങാന്‍ ഭാഗ്യമുണ്ടായതും, എം.ടി.യെയും പി.എന്‍.മേനോനെയും പോലെയുള്ള പ്രതിഭാധനരെ പരിചയപ്പെടാന്‍ ഇട വന്നതും അവിടെ ചെന്നണഞ്ഞ വൈകുന്നേരങ്ങളുടെ പുണ്യം. ആ പഴയ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ലാബ്‌ നിന്നിടം ഇപ്പോള്‍ ആദിത്യാ ഹോട്ടല്‍. ഇന്നത്തെ ചലച്ചിത്രപ്രവര്‍ത്തകരുടെ പ്രധാന ഇടത്താവളം.

കണ്ണെത്തുന്ന ദൂരത്തില്‍ AVM സ്റ്റുഡിയോയുടെ ഗേറ്റിനു മുകളിലെ കറങ്ങുന്ന ഗ്ലോബ് പഴയകാല പ്രൌഡിയുമായി ഇപ്പോഴും മാറ്റമില്ലാതെ നില്‍ക്കുന്നുണ്ട്. ഒരുപക്ഷെ ആ ഗൃഹാതുരനാളുകള്‍ ഓര്‍മ്മപ്പെടുത്താന്‍ കോടംബക്കത്ത്‌ അവശേഷിക്കുന്ന ഒരേയൊരു കാഴ്ച അതാവാം. എതിര്‍വശത്തും ചുറ്റിലുമായി വാഹിനി, പ്രസാദ്‌, ഭരണി, ശാരദ, അരുണാചലം, വാസു, തരംഗിണി തുടങ്ങി അനേകമനേകം സ്റ്റുഡിയോകള്‍. ഓരോ ഗേറ്റ് കടന്നും രാപകല്‍ അങ്ങോട്ടും ഇങ്ങോട്ടും പൊയ്ക്കൊണ്ടിരിക്കുന്ന താരവാഹനങ്ങള്‍. കാല്‍നടക്കാരായ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍, സാദാ ചലച്ചിത്ര പ്രവര്‍ത്തകര്‍… സിനിമയുടെ ജീവവായുവും, ഗന്ധവും നിറഞ്ഞുനിന്ന അന്നത്തെ കോടമ്പാക്കത്തിന്‍റെ ആ ഹൃദയഭാഗത്ത്‌ ഇപ്പോള്‍ ശേഷിക്കുന്നത് പ്രസാദ് സ്റ്റുഡിയോ മാത്രം.
അന്ന് വടപളനി ബസ്സ്‌ സ്റ്റാന്ഡ് കഴിഞ്ഞാല്‍ നഗരാതിര്‍ത്തി ആയി. സാലിഗ്രാമവും വിരുഗംബക്കവും ഒക്കെ വിജനമായ തരിശുനിലങ്ങള്‍. രാജീവ്ഗാന്ധി തുണ്ടംതുണ്ടമായി പൊട്ടിച്ചിതറിയ ശ്രീപെരുംപുതുര്‍ വരെ ഇന്ന് നഗരം വളര്‍ന്നപ്പോള്‍, അന്ന് അങ്ങോട്ട്‌ ബസ്സുകള്‍ പോലും വിരളം.

അന്ന്, സമ്പൂര്‍ണ്ണ മദ്യനിരോധന നഗരമായ മദിരാശിയില്‍, ഭരണി സ്റ്റുഡിയോവിനു പിറകിലെ പൊന്തക്കാടില്‍ ചിന്നദുരൈയുടെ വാറ്റുചാരായ സാമ്രാജ്യം എഴുപതുകളിലെ ‘ബുജി’ സിനിമാക്കാരുടെ വിഹാര കേന്ദ്രം. ജോണ്‍ എബ്രഹാമിന്‍റെ പ്രഭാവലയത്തില്‍ ചുറ്റിക്കറങ്ങിയ ഊശാന്‍താടിക്കാരായ മദ്യപസുഹൃത്തുക്കള്‍. അക്കൂട്ടത്തില്‍ സിനിമാക്കാരനല്ലാത്ത എക്സ് മിലിട്ടറിക്കാരന്‍ ഞങ്ങളുടെ പ്രിയപ്പെട്ട യൂക്കെ മേനോന്‍ ചേട്ടന്‍. മേനോന്‍ ചേട്ടന്‍റെ ഒറ്റമുറി വീട്ടില്‍ ചേക്കേറുമ്പോഴൊക്കെ കോഴിക്കോടന്‍ മീന്‍കറിയും ബീഫ് ഉലത്തിയതും കൂട്ടി ഉണ്ണുന്ന ചോറിന്‍റെ അപൂര്‍വ രുചി. അക്കാലത്തെ സിനിമാ പത്രപ്രവര്‍ത്തകനായ കോടംബുഴയുടെ കൂലിഎഴുത്തുകാരായി ഞാനും, നടന്‍ ശ്രീനിവാസനും ഇടവിട്ട ദിവസങ്ങളില്‍ ചെന്നുകയറാറുള്ള പൂക്കാരന്‍ സ്ട്രീറ്റിലെ കോഴി ബിരിയാണിയുടെ മണമുള്ള വീട്.

പൂക്കാരന്‍ സ്ട്രീറ്റിന്‍റെ അറ്റത്ത് അവളുടെ രാവുകളിലെ സീമ- ആ തെരുവിലൂടെ നടക്കുമ്പോഴൊക്കെ കണ്ടുമുട്ടാറുള്ള തമിഴത്തിപെണ്‍കുട്ടിയുടെ ശൃംഗാരചിരി. വടപളനികോവിലില്‍ പൂ വില്‍ക്കാന്‍ വരുന്ന തമിഴത്തികളുടെയും, ഇടുങ്ങിയ നിരത്തിലൂടെ മുട്ടിയുരുമ്മി കടന്ന്പോകുന്ന തെരുവ് വേശ്യകളുടെയും പതിവ്കാഴ്ചകള്‍.

പിള്ളയാര്‍കോവില്‍ സ്ട്രീറ്റില്‍ മെസ്സ് നടത്തിയിരുന്ന വര്‍ഗ്ഗീസേട്ടന്‍-പോക്കെറ്റ്‌ കാലിയാനെന്കിലും കയറിച്ചെന്നാല്‍ ഊണ് തരാന്‍ മടികാട്ടാത്ത വര്‍ഗ്ഗിസേട്ടന് കടം പറയാത്ത കോടമ്പക്കം സിനിമാക്കാരുണ്ടാകില്ല അക്കാലത്ത്. അന്ന് അമ്പതുരൂപയ്ക്ക് ഞാനും വര്‍ഗ്ഗിസേട്ടന് കടക്കാരനായി. പിന്നീട് സംവിധായകനായപ്പോഴും, പോക്കെറ്റില്‍ പണം വന്നിട്ടും ആ കടം ഇതുവരെ എനിക്ക് വീട്ടാനായില്ല. ഒരിക്കല്‍ തേടിച്ചെന്നു പോക്കറ്റില്‍ പണം വച്ചുകൊടുത്തപ്പോള്‍ അത് വാങ്ങാതെ വര്‍ഗ്ഗിസേട്ടന്‍ പറഞ്ഞത് “ഞാനത് വാങ്ങിയാല്‍ നീ എന്നെ മറക്കും”എന്നാണ് .. ഓര്‍മ്മകള്‍ ഉണ്ടാവാനെങ്കിലും ആ കടംബാക്കിയാക്കി കടന്നുപോയ വര്‍ഗ്ഗിസേട്ടന്‍ ഇന്നും കോടംബക്കത്ത്‌ ഉണ്ടോ ആവോ ..!

ഇന്ന് അന്യംനിന്നുപോയ സൈക്കിള്‍റിക്ഷകള്‍ അക്കാലത്ത് മദിരാശി പട്ടണത്തിലെ സ്ഥിരം കാഴ്ചകളിലൊന്ന്. ഇടയ്ക്കിടയ്ക്ക് സെക്കന്‍ഡ്ഷോ കാണാന്‍ കോടമ്പക്കം ബ്രിട്ജും, മൌണ്ട് റോഡും താണ്ടി എന്നെയും, സുഹൃത്തായ ദിനകരനെയും വലിച്ചുകൊണ്ട് പോയിരുന്ന അല്പ്പപ്പ്രാണനായ റിക്ഷാക്കാരന്‍ മുനിയപ്പന്‍. ഞങ്ങള്‍ സിനിമ കാണുമ്പോള്‍ റിക്ഷയുടെ കൂലിയായ മൂന്നുരൂപയോടൊപ്പം രണ്ട്‌രൂപ വെയിറ്റിംഗ് ചാര്‍ജിന്ടെ ധാരാളിത്തത്തില്‍ റിക്ഷയില്‍ ബീഡിവലിച്ചിരുന്നു മയങ്ങുന്ന പാവം വൃദ്ധന്‍. തിരിച്ചുള്ള യാത്രയില്‍ മുനിയപ്പന്‍ വണ്ടി ചവിട്ടി തളരുമ്പോള്‍ സഹതാപം തോന്നി, മുനിയപ്പനെ പുറകിലിരുത്തി നിലാവത്ത്‌ കോടമ്പാക്കം ബ്രിഡ്ജിനു മുകളിലൂടെ സൈക്കിള്‍റിക്ഷ ചവിട്ടിയ രസമുള്ള ഓര്‍മ്മകള്‍.. ഓര്‍മ്മകള്‍ വിങ്ങലുകളായി മനസ്സിനെ പിടിച്ചുലക്കുമ്പോള്‍ ഇന്നും മുന്‍പില്‍ തെളിയുന്ന മുഖം. മഞ്ഞപ്പിത്തം പിടിച്ചു മരിച്ചുപോയ എന്‍റെ പ്രിയ കൂട്ടുകാരന്‍ ദിനകരന്‍- നായകനാവാന്‍ മോഹിച്ചു വന്ന് ഒത്തിരിഒത്തിരി സിനിമാമോഹികളെ പ്പോലെ ഒന്നുമാകാതെ കോടമ്പാക്കത്തെ ഇരുണ്ട തെരുവില്‍ തളര്‍ന്നു വീണ്, റോയപ്പേട്ട സര്‍ക്കാര്‍ ആശുപത്രിയിലെ കട്ടിലില്‍ കിടന്ന്‌- “എന്നെപ്പോലെ ആകരുത് നീ.. നിനക്കതിനുള്ള ആത്മബലമുണ്ട്. നിന്‍റെ ആഗ്രഹം പോലെ നീ വലിയ സംവിധായകനാകും” എന്ന് എന്‍റെ കൈപിടിച്ച് പ്രാര്‍ഥിച്ചുകൊണ്ട്, അവസാന ശ്വാസമെടുത്ത്, എന്നന്നേക്കുമായി കണ്ണുകളടച്ചു കടന്നുപോയ “മദിരാശിയിലെ എന്‍റെ ഏറ്റവും വലിയ നഷ്ടം”.

ഓര്‍മ്മകള്‍ ഒരിക്കലും അവസാനിയ്ക്കാത്ത എന്‍റെ “മദിരാക്ഷിപ്പട്ടണം” ചെന്നൈ ആയി വേഷം മാറിയപ്പോഴും,സിനിമയുടെ പകിട്ടില്‍ പിന്നെ സൌഭാഗ്യങ്ങള്‍ തേടി വന്നപ്പോഴും, ഈ നഗരത്തിലെ ആദ്യകാല അനുഭവങ്ങള്‍ എനിക്ക് ഉപേക്ഷിക്കാനാവുന്നില്ല. ഓരോ വരവിലും കോടമ്പാക്കത്തിന്‍റെ മുഖം മാറിക്കൊണ്ടിരിക്കുമ്പോഴും ആ ഓര്‍മ്മകളോടൊപ്പം ഈ നഗരവും എനിക്ക് കൂടുതല്‍ കൂടുതല്‍ പ്രിയപ്പെട്ടതാവുന്നു…

മുപ്പത്തിമൂന്നു വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും സിനിമയുടെ ലോകത്തിലേയ്ക്ക് ചെന്നിറങ്ങിയ ആദ്യ ദിനത്തിന്‍റെ സ്മരണകളുമായി ഈ ജൂണ്‍ 27 നെ ഞാന്‍ നെഞ്ചോടു ചേര്‍ക്കുന്നു……….

Ulladakkam (The content)

ഉള്ളിലടങ്ങിയതോ
ഉള്ളിലേക്കടക്കിയതോ
എന്താണ്  ഉള്ളടക്കം (THE CONTENT)..??

എന്നെ ഞാനാക്കുകയും
പിന്നെ ഞാനല്ലാതാക്കുകയും ചെയ്യുന്നതോ
എന്‍റെ ഉള്‍വിളികള്‍….
എന്നെ കീഴടക്കുകയും,എനിക്ക്  കീഴടങ്ങാതിരിക്കുകയും ചെയ്യുന്നതോ
എന്‍റെ ഉള്‍ ഭയങ്ങള്‍…
എനിക്ക് പിറകെ നടക്കുകയും,
വഴിയില്‍ എന്നെ ഉപേക്ഷിച്ചു മടങ്ങുകയും ചെയ്യുന്നവയാണോ
എന്‍റെ ഉള്‍ നിഴലുകള്‍
കാണേണ്ട കാഴ്ചകള്‍ കാണാതെ പോവുകയും
കണ്ട കാഴ്ചകളെ കണ്ണില്‍ സൂക്ഷിക്കാതിരിക്കുകയും ചെയ്യുന്നവയാണോ
എന്‍റെ ഉള്‍ ക്കണ്ണുകള്‍
എന്നെ കേള്‍ക്കാതിരിക്കുകയും
എനിക്ക് കേള്‍ക്കെണ്ടവയെ തിരിച്ചറിയാതിരിക്കുകയുംചെയ്യുന്നവയാണോ
എന്‍റെ ഉള്‍ ക്കാതുകള്‍
ഉറക്കം നടിക്കെണ്ടിടത്ത് ഉറങ്ങുകയും
ഉറങ്ങേണ്ടിടത്ത് ഉണര്‍ന്നിരിക്കുകയും ചെയ്യുന്നതാവുമോ
എന്‍റെ ഉള്‍ വലിവുകള്‍

ഉള്ളില്‍ കത്തിയമര്‍ന്ന കനവുകള്‍ക്കോ
കത്താതെ നീറിപ്പുകഞ്ഞ നോവുകള്‍ക്കോ
ഏതിനാണ് ഉള്‍ക്കനം…???